Monday, 3 June 2013

ഹൈക്കു : നാല്

1. കടലാസുതോണിയില്‍ മുങ്ങിമരിച്ചത് 
     ഞാനെഴുതിയ അക്ഷരങ്ങള്‍ .... !

2.  എത്ര മഴ പെയ്താലും ഞാനെന്ന പുല്‍നാമ്പിനു വേണ്ടത് 
     നീയെന്ന ഒരു തുള്ളി മാത്രം ...! 


3. ആശുപത്രി വരാന്തയില്‍ കണ്ടത് 
    ഒരു ലോകം വിട്ട് മറ്റൊരു ലോകത്തേക്ക് 
    വരുന്നവരും പോകുന്നവരും ...! 


4.  പടിയിറങ്ങിപ്പോകുന്നു 
    എന്‍റെ മുറിയിലിറങ്ങിയ ഓട്ടവെയില്‍ ...! 


5.  അന്നെന്‍റെ കവിളില്‍ ഒരു മറുകുണ്ടായിരുന്നു 
     ഇന്ന് കണ്ണീര്‍ വീണതൊലിച്ചുപോയി ...! 


6.  ഞാനൊരൊറ്റത്തുള്ളി 
    എങ്ങോട്ടമൊഴുകാനാവാതെ ...!


7.  മഴയൊഴിഞ്ഞപ്പോള്‍ മുറ്റത്താകെ 
     ആകാശം പൊട്ടിവീണ കണ്ണാടിച്ചില്ലുകള്‍ ...! 


8.  ഈറന്‍ മാറാതെ നില്‍ക്കുന്നു 
     മുറ്റത്തു നട്ട വാഴ ...! 


9.  ചിറകു കുടയുന്നു നനഞ്ഞ കിളികള്‍ 
     മനസ്സിന്‍റെ ചില്ലകളില്‍ ...! 


10. മഴപെയ്തു തോര്‍ന്നപ്പോള്‍ 
     മരം പെയ്തിടുന്നു ...! 


11. കണ്ണില്‍ സൂക്ഷിച്ച തുള്ളികള്‍ 
     പലകാരണങ്ങള്‍ പറഞ്ഞിറങ്ങിപ്പോയി ...!


12. ചോരുന്നിടത്ത് വെച്ച അലുമിനിയം പാത്രത്തില്‍ 
      മഴത്തുള്ളികള്‍ താളം പിടിക്കുന്നു ...! 


13.  മുറ്റത്തെ തണലിലെന്നോടൊപ്പമോടിക്കളിക്കാന്‍ വന്നത് 
      മുത്തശ്ശി മാവിന്‍റെ വേരുകള്‍ മാത്രം ...! 


14. അടുക്കളപ്പുറത്തൊരമ്മ 
      ഒരു മുറം കിനാക്കളെ ചേറുന്നു ...! 


15. 
പകല്‍ വഴികള്‍ അവസാനിക്കുന്നിടത്ത് 
      ചന്ദ്രിക തന്‍റെ സൂര്യകാമുകനെ നോക്കിനില്‍ക്കുന്നു ...!


Saturday, 2 March 2013

മൂന്ന്



മരണം കാത്തിരുന്ന മൈലാഞ്ചിച്ചെടിയെ
കെട്ടിപ്പിടിച്ചത് മുല്ലവള്ളി .

  •  


രാവിലെ അടിച്ചുവാരിക്കളഞ്ഞത്
വാടിക്കരിഞ്ഞ  പുഞ്ചിരികള്‍...

  •  


കണ്ണുതിരുമ്മിയെണീറ്റു വന്നത്
ഒട്ടുമാവിലെ തളിരിലകള്‍ ...

  •  


മണല്‍ അരിച്ചപ്പോള്‍ കിട്ടിയത്
പുഴയുടെ റൂഹിനെ .

  •  


കൊല്ലന്‍
പാവം ഇരുമ്പിനെ
കൊലയാളിയാക്കിയവന്‍

  •  


പുഴ
കൈതമുള്ളുകള്‍ മുറിവേല്‍പ്പിച്ചിട്ടും
പാറക്കൂട്ടങ്ങള്‍ മുന്നില്‍ നിന്നിട്ടും
ഓടി രക്ഷപ്പെട്ടവള്‍..

  •  


വിധവ
മരണമുടുപ്പിച്ച വെളുത്ത സാരിയില്‍
കണ്ണീരായ് ഉരുകുന്ന മഞ്ഞ് .

  •  



മഴയൊഴിഞ്ഞ മാവിന്‍ചോട്ടില്‍
ഒരു കണ്ണിമാങ്ങയുടെ വിങ്ങലുകള്‍ ..

  •  


പെരുമഴ പെയ്തിട്ടും
ചേമ്പിലക്ക് കിട്ടിയത് രണ്ടുതുള്ളി ...

  •  


ചാറ്റല്‍മഴ
മേഘം കണ്‍മഷിയെഴുതിയപ്പോള്‍
കണ്ണില്‍ തൊട്ടത് ...

  •  






Wednesday, 27 February 2013

രണ്ട്




അസ്തമിക്കാനോടിയ സൂര്യന്‍റെ
പിറകെയോടിയത്
തീപ്പിടിച്ച പഞ്ഞിക്കെട്ടുകള്‍ !


  •  

പനിച്ചുവിറച്ചത്
പാതിവെന്ത അടുപ്പുകല്ലുകള്‍ !


  •  

നുണക്കുഴിയില്‍ വീണത്
ഒളിച്ചോടിയ കാക്കപ്പുള്ളി ...





ആകാശം കരഞ്ഞ കണ്ണീര്‍  കൊണ്ട്
 ഭൂമിയുണ്ടാക്കിയ പാല്ച്ചായയില്‍
 വീണു മരിച്ചത്
 മധുരം തിരഞ്ഞ പാവം ഉറുമ്പുകള്‍ ...





ചിരട്ടയില്‍ കോരിയ മണ്ണളന്നത്
 ഉരുക്കില്‍ പണിത ചങ്ങല കൊണ്ട് ...





ജീവനോടെ കുഴിച്ചുമൂടിയത്
നിഴലിന്‍റെ നിഴലിനെ ...


  •  

ചിതയില്‍ വെന്തത്
ചിതലരിച്ച ജാതകം ...






പാദസ്വരം കണ്ട പരല്‍മീന്‍
ആമ്പല്‍ത്തണ്ട് പറിച്ചെടുത്തു .




നീട്ടിവച്ച കൈകളില്‍
ഉണങ്ങിപ്പറ്റിയ മൈലാഞ്ചി .




ചാറ്റല്‍ മഴയില്‍ വിറങ്ങലിച്ചത്
ചാരത്തിലൊളിച്ച തീപ്പൊരിക്കുഞ്ഞുങ്ങള്‍













Thursday, 21 February 2013

ഒന്ന് .





അയയില്‍ വിരിച്ചത് 
വിയര്‍പ്പിറ്റുന്ന മുണ്ട് .

  •  
കുഴിവെട്ടിയപ്പോള്‍ തടഞ്ഞത് 
ചെമ്പുതകിടുകള്‍ .

  •  
മരക്കൊമ്പിലെ കിളി 
ഒഴുകിയെത്തിയ തൂവല്‍ .

  •  
നോക്കുകുത്തി 
നുണപറഞ്ഞ് 
വയറു വീര്‍ത്തു  .

  •  
വേലിയില്‍ വിരിഞ്ഞ പൂക്കള്‍ 
പൂമ്പാറ്റകള്‍ പറന്നുപോയി .

  •  
വഴിതെറ്റിയ കാറ്റ് 
മഴയില്‍ കുടുങ്ങി.

  •  
നിലച്ച ഘടികാരം 
വാല്‍മുറിച്ച പല്ലി .

  •  
രാവിലെ കണ്ടത് 
പേടിച്ചു മരിച്ച ഇരുട്ട് . 
  •  
 പുകയാളിയ ചുവര്‍ 
പനിച്ചുവിറക്കുന്ന അമ്മ .
  •  
കരയുന്ന കുരുവി 
പുകയുന്ന കൂര .